
ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്ന ബിഎസ്-3 വാഹനങ്ങളിലെ ചില റബർ ഘടകങ്ങൾക്കും എൻജിൻ ഗാസ്‌കറ്റുകൾക്കും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2005 ഏപ്രിൽ 1 മുതൽ 2016 വരെ നിർമിച്ച ബിഎസ്-3 വാഹനങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുകയെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എന്നാൽ, പതിവ് സർവീസിനിടെ ഈ ഭാഗങ്ങൾ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാനാകുമെന്നും അതിനായി വലിയ സാമ്പത്തിക ചെലവ് ഉണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന ആശങ്കയും ഗഡ്കരി തള്ളി. ഇന്ധനത്തിന്റെ സ്വഭാവം മാത്രമല്ല, ഡ്രൈവിങ് രീതി, വാഹനത്തിന്റെ പരിപാലനം, റോഡിന്റെ സാഹചര്യം തുടങ്ങിയ നിരവധി ഘടകങ്ങളാണ് മൈലേജിനെ സ്വാധീനിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഐഐപി ഡെറാഡൂൺ, സിയാം, ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ ചേർന്ന് നടത്തിയ പഠനത്തിൽ, ഇ20 ഉപയോഗിക്കാൻ എൻജിനിൽ പ്രത്യേക മാറ്റങ്ങൾ ആവശ്യമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇ20 ഇന്ധനം വാഹനത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും, ബിഎസ്-3 വാഹനങ്ങളിൽ മാത്രം ചില ഘടകങ്ങൾ മാറ്റേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.










